പദ്ധതിയുടെ ചരിത്രം
പദ്ധതിയുടെ ഒന്നാം ഘട്ടം 2006 ഫെബ്രുവരി 2 ന് രാജ്യത്തെ 200 ജില്ലകളിൽ ആരംഭിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ വയനാട്, പാലക്കാട് ജില്ലകളെ ഉൾപ്പെടുത്തി. തുടർന്ന്, 1.4.2007 -ല്‍ ആരംഭിച്ച രണ്ടാം ഘട്ടത്തിൽ ഇടുക്കി, കാസർഗോഡ് ജില്ലകളെ ഉൾപ്പെടുത്തി. 1.4.2008 മുതല്‍ സംസ്ഥാനത്തെ ശേഷിക്കുന്ന ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിച്ചു.
പ്രകൃതിവിഭവ മാനേജ്മെന്റിന് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് തൊഴിൽ, ആസ്തി സൃഷ്ടിക്കല്‍ എന്നിവയിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പദ്ധതിയെന്ന നിലയിൽ, അടിസ്ഥാന സൗകര്യങ്ങളുടെയും സമ്പദ്വ്യവസ്ഥയുടെയും പുനർനിർമ്മാണത്തിൽ മഹാത്മാഗാന്ധി എൻആർഇജിഎസ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ദുർബലരായ കുടുംബങ്ങളുടെ ഉന്നമനത്തിനായി പ്രാഥമിക ശ്രദ്ധ കേന്ദ്രീകരിച്ച് സന്നദ്ധരായ ഓരോ ഗ്രാമീണ കുടുംബത്തിനും 100 ദിവസത്തെ അവിദഗ്ദ്ധ തൊഴിൽ നൽകിക്കൊണ്ട് ഈ പദ്ധതി ഗുണപരമായ സ്വാധീനം സൃഷ്ടിച്ചു. തൊഴിൽ നൽകുക ആസ്തികള്‍ വികസിപ്പിക്കുക എന്നിവ കൂടാതെ നൈപുണ്യവികസനത്തിനുള്ള ഒരു വേദിയായും ഇത് ഗ്രാമീണ കുടുംബങ്ങളുടെ ജീവിതത്തെ സമൃദ്ധമാക്കി.
തുടർച്ചയായ രണ്ട് വെള്ളപ്പൊക്കത്തിൽ തകർന്ന അടിസ്ഥാന സൗകര്യങ്ങള്‍ പുനസ്ഥാപിക്കുന്നതിനും ഗ്രാമീണ ജനതയുടെ ജീവനോപാധി മെച്ചപ്പെടുത്തി സാമ്പത്തിക മേഖല ഉത്തേജിപ്പിക്കുന്നതിലും പദ്ധതി വഹിച്ച പങ്ക് നിർണായകമാണ്. ഈ സാഹചര്യത്തെ നേരിടാൻ ലഭ്യമായ എല്ലാ വിഭവങ്ങളും കൃത്യമായ ആസൂത്രണത്തിലൂടെ ഏറ്റവും ഫലപ്രദമായും മറ്റ് വകുപ്പുതല പദ്ധതികളുമായി സംയോജിപ്പിച്ചും വിനിയോഗിക്കുവാന്‍ സാധിച്ചു. COVID ദിവസങ്ങളിൽ, വിദ്യാസമ്പന്നരായ നിരവധി യുവാക്കൾ പദ്ധതിയിന്‍കീഴിൽ അവിദഗ്ദ്ധ ജോലികളിൽ ഏര്‍പ്പെടുവാന്‍ താൽപര്യം പ്രകടിപ്പിച്ചു.
ഈ പദ്ധതി പ്രകാരം ഏറ്റവും കൂടുതൽ സ്ത്രീ പങ്കാളിത്തം കേരളത്തിലുണ്ട്. കുടുംബശ്രീയുടെ പങ്കാളിത്തം സംസ്ഥാനത്തെ പദ്ധതിയുടെ വളർച്ചയെ വളരെയധികം സഹായിച്ചിട്ടുണ്ട്. പദ്ധതി പ്രകാരം ലഭിക്കുന്ന വേതനം വഴി ലഭിക്കുന്ന വരുമാനം ഗ്രാമീണ സ്ത്രീകളുടെ വാങ്ങൽ ശേഷിയും വിലപേശൽ ശേഷിക്കും കാരണമായി. ബാങ്ക് ലിങ്കേജ് നേടുന്നതിനും വായ്പ എടുക്കുന്നതിനുള്ള ശേഷി വർദ്ധിപ്പിക്കുന്നതിനും ഈ പദ്ധതി അവരെ പ്രാപ്തമാക്കി.