ജി.ഐഎസ്. അധിഷ്ഠിത പ്ലാനിംഗ്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ സൃഷ്ടിക്കുന്ന ആസ്തികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും സംഭരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും അവയുടെ സ്വാധീനം / ഫലത്തെക്കുറിച്ച് നന്നായി മനസിലാക്കുന്നതിനൊപ്പം അവ കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും ജിഐഎസ് അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ തയ്യാറാക്കേണ്ടതുണ്ട്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം, ഒരു ഗ്രാമപഞ്ചായത്തിന് അനുയോജ്യമായ പദ്ധതിയിന്‍കീഴില്‍ അനുവദനീയമായ എല്ലാ പ്രവൃത്തികളും GIS അടിസ്ഥാനമാക്കിയുള്ള പദ്ധതിയിൽ ഉൾപ്പെടുത്തും. പൊതു, സ്വകാര്യ ഭൂമിയിലാണ് പ്രവൃത്തികള്‍ കണ്ടെത്തേണ്ടത്. ജിഐഎസ് അടിസ്ഥാനമാക്കിയുള്ള പദ്ധതിയിൽ കണ്ടെത്തിയ പ്രവൃത്തികൾ ഗ്രാമപഞ്ചായത്തിന്റെ ഷെല്‍ഫ് ഒഫ് പ്രോജെക്ടിലും വാര്‍ഷിക പദ്ധതിയിലും ഉൾപ്പെടുത്തണം, കൂടാതെ 3-5 വര്‍ഷ കാലയളവിനുള്ളില്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കുവാന്‍ കഴിയുന്ന മുഴുവന്‍ പ്രവൃത്തികളും കണ്ടെത്തണം. സ്വകാര്യ ഭൂമികളിലെ വീടുകളുടെ വിശദാംശങ്ങൾ, കുടുംബങ്ങളുടെ സാമൂഹിക-സാമ്പത്തിക അവസ്ഥ, ഉപജീവന മാര്‍ഗം, ഭൂമിയുടെ സർവേ നമ്പർ, മണ്ണ്/ഭൂവിനിയോഗ രീതി, കാർഷിക വിളകൾ, അവയുടെ വിളവ്, കന്നുകാലികൾ, ലഭ്യമായ ജലസ്രോതസ്സുകൾ തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ ശേഖരിക്കുന്നു. അതോടൊപ്പം, പ്രവൃത്തികളെ അവയുടെ ആവശ്യങ്ങൾ അടിസ്ഥാനമാക്കി തിരിച്ചറിയുകയും പദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു. അതുപോലെ തന്നെ പൊതു ഭൂമികൾക്കും, എല്ലാ പരമ്പരാഗത ജലാശയങ്ങളുടെയും വിശദാംശങ്ങൾ, അവയുടെ നിലവിലെ സ്ഥിതി ശേഖരിക്കുകയും ഭൂമിയുടെ ചരിവ്, മറ്റ് ഭൂമിശാസ്ത്ര സവിശേഷതകൾ എന്നിവ അടിസ്ഥാനമാക്കി ആവശ്യമായ ഇടപെടലുകൾ തിരിച്ചറിയുകയും പദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു.
തെറ്റായ ഡാറ്റ ശേഖരിക്കുന്നത് ഒഴിവാക്കുന്നതിനും ജിയോ കോർഡിനേറ്റുകൾ ഉപയോഗിച്ച് ഫീൽഡ് ഡാറ്റ ശേഖരിക്കുന്നതിനും, ഒരു പ്രത്യേക ആന്‍ഡ്രോയിഡ് അധിഷ്ഠിത മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നു. ജിഐഎസ് അധിഷ്ഠിത പ്ലാനിംഗ് മേഖലയിലെ വിദഗ്ധരായ കേരള ഭൂവിനിയോഗ ബോർഡിനാണ് ജിഐഎസ് അടിസ്ഥാനമാക്കിയുള്ള ഗ്രാമപഞ്ചായത്ത്തല പദ്ധതി രേഖകള്‍ തയ്യാറാക്കുന്നതിനുള്ള ചുമതല.