സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പദ്ധതികള്‍

സുഭിക്ഷ കേരളം

സുഭിക്ഷ കേരളം

കോവിഡ്-19 മഹാമാരിമൂലം ഏർപ്പെടുത്തിയ ലോക്ക്ഡൌണിനെ തുടർന്നുണ്ടായ സാമ്പത്തിക നഷ്ടത്തിൽ നിന്നും സംസ്ഥാനത്തെ രക്ഷിക്കുന്നതിനും, കാർഷിക അനുബന്ധ മേഖലയ്ക്കും ഭക്ഷ്യോത്പാദനത്തിനും കൂടുതൽ ശ്രദ്ധ നൽകുന്നതിനും സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതിയാണ് ‘സുഭിക്ഷ കേരളം’. ഭക്ഷ്യോത്പന്ന വിപണിയെ ഉപയോഗിച്ചുകൊണ്ട് ഉല്പാദനം വർദ്ധിപ്പിക്കാനും വരുമാനവും സംരംഭങ്ങളും തൊഴിലും സൃഷ്ടിക്കാനുമാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ജനപങ്കാളിത്തം ഉറപ്പാക്കി ക്യാമ്പയിൻ മാതൃകയിൽ കൃഷി, തദ്ദേശ സ്വയംഭരണം, മൃഗ സംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ്, ജലവിഭവം, സഹകരണം, വ്യവസായം എന്നീ വകുപ്പുകളുടേയും പ്രാദേശിക സർക്കാരുകളുടേയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. തൊഴിലുറപ്പ്, ഹരിതകേരളം, കുടുംബശ്രീ മിഷനുകൾ കാർഷിക-വെറ്ററിനറി-ഫിഷറീസ് സർവ്വകലാശാലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, യുവജന ക്ലബ്ബുകൾ, പൊതുജന സംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, മറ്റ് ഏജൻസികൾ എന്നിവരുടെ സഹകരണം പ്രയോജനപ്പെടുത്തുന്നു.

ശുചിത്വ ക്യാമ്പയിൻ

ശുചിത്വ ക്യാമ്പയിൻ

സംസ്ഥാനത്തെ ശുചിത്വ-മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജൈവ-അജൈവ മാലിന്യ ശേഖരണ/സംസ്കരണ സംവിധാനങ്ങളായ മിനി എം.സി.എഫ്.കൾ, കമ്പോസ്റ്റ് പിറ്റ്, സോക് പിറ്റ് എന്നീ സൌകര്യങ്ങൾ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുക്കുന്ന പദ്ധതിയാണിത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തം ഉറപ്പുവരുത്തി, ജൈവ മാലിന്യങ്ങളുടെ ഉറവിടത്തിലെ സംസ്കരണവും അജൈവ മാലിന്യം ശേഖരിച്ച്, റീസൈക്ലിംഗ് മേഖലയ്ക്ക് കൈമാറ്റം ചെയ്യലും അതിനൊക്കെ സഹായകമായ പൊതുജന സൌഹൃദ ആസ്തികളുടെ നിർമ്മാണവും നടത്തുക വഴി കേരളം രാജ്യത്തിന് തന്നെ മാതൃകയാകത്തക്ക വിധത്തിൽ മാലിന്യമുക്തമാകുമെന്നതാണ് ദൌത്യം. ക്യാമ്പയിൻ രീതിയിൽ പ്രവർത്തനങ്ങൾ ആരംഭിച്ച്, ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും പ്രത്യേക ലക്ഷ്യങ്ങൾ നിശ്ചയിച്ച് മാലിന്യ സംസ്കരണ സംവിധാനങ്ങൾ പൂർത്തീകരിച്ച് ‘സമ്പൂർണ്ണ ശുചിത്വ പദവി’ നേടുക എന്നതാണ് ലക്ഷ്യം.

കേരള ട്രൈബൽ പ്ലസ്

കേരള ട്രൈബൽ പ്ലസ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉറപ്പു വരുത്തിയിട്ടുളള 100 ദിവസം കൂടാതെ, കേരളത്തിലെ എല്ലാ പട്ടികവർഗ്ഗ കുടുംബങ്ങൾക്കും അധികമായി 100 തൊഴിൽ ദിനങ്ങൾ കൂടി ലഭ്യമാകുന്ന പദ്ധതിയാണ് ‘കേരള ട്രൈബൽ പ്ലസ്’. 100 തൊഴിൽ ദിനങ്ങൾ അധികമായി അനുവദിക്കുന്നതിലൂടെ പട്ടികവർഗ്ഗ വിഭാഗത്തിലെ കുടുംബങ്ങളുടെ സാമൂഹിക സാമ്പത്തിക വികസനം ലക്ഷ്യമിടുന്നു. ഇതിനായി ചെലവ് വരുന്ന അധിക തുക സംസ്ഥാന പട്ടികവർഗ്ഗ വികസന വകുപ്പ് വഹിക്കുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ 100 ദിവസം തൊഴിൽ പൂർത്തിയാക്കുന്ന കേരളത്തിലെ എല്ലാ പട്ടികവർഗ്ഗ കുടുംബങ്ങൾക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നു. ഈ പദ്ധതിയെ സംബന്ധിച്ച് എല്ലാ പട്ടികവർഗ്ഗ ഊരുകളിലും ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർമാർ, പ്രോജക്ട് ഓഫീസർമാർ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ, സോഷ്യൽ വർക്കർമാർ, ട്രൈബൽ പ്രൊമോട്ടർമാർ എന്നിവർ മുഖേന അവബോധം നൽകുന്നു.

പട്ടികവർഗ്ഗ വിഭാഗത്തിലെ തൊഴിലാളികൾക്ക് മുൻകൂർ വേതനം

പട്ടികവർഗ്ഗ വിഭാഗത്തിലെ തൊഴിലാളികൾക്ക് മുൻകൂർ വേതനം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം പട്ടികവർഗ്ഗക്കാർക്കുളള തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിച്ചിരുന്നുവെങ്കിലും കൃത്യസമയത്ത് കേന്ദ്രഫണ്ട് ലഭിക്കാത്തതിനാൽ വേതന വിതരണത്തിൽ കാലതാമസം ഉണ്ടാകുന്നത് തൊഴിലുറപ്പ് പദ്ധതിയിൽ പങ്കാളികളാകുന്ന പട്ടികവർഗ്ഗക്കാരുടെ എണ്ണം കുറയുന്നതിന് കാരണമായിരുന്നു. തൊഴിലെടുക്കൂന്ന കുടുംബങ്ങൾക്ക് ആഴ്ച തോറും കേന്ദ്ര ഫണ്ടിന് കാത്ത് നില്ക്കാതെ മുൻകൂറായി കൂലി നൽകുന്നതിന് കോർപ്പസ് ഫണ്ട് രൂപീകരിക്കുവാൻ സർക്കാർ തീരുമാനിച്ചു. പട്ടികവർഗ്ഗ വികസന വകുപ്പ് മുഖന കോർപ്പസ് ഫണ്ട് രൂപീകരിച്ച് കുടുംബശ്രീ മിഷൻ മുഖാന്തിരം വയനാട് ജില്ലയിലും, കണ്ണൂർ ജില്ലയിലെ ആറളം ഫാമിലും, പ്രത്യേക പഞ്ചായത്ത് സമിതി/ഊരുകൂട്ടം മുഖാന്തിരം പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്കിലും പദ്ധതി നടപ്പിലാക്കി. ആഴ്ചതോറും പൂർത്തിയാക്കുന്ന തൊഴിൽ വിവരങ്ങൾ പരിശോധിച്ച് ഓരോ തൊഴിലാളിയ്ക്കും ആ ആഴ്ചയിൽ ലഭിക്കാൻ അർഹതപ്പെട്ട വേതനത്തിന്റെ 90% തുക തൊഴിലാളിയുടെ തൊഴിലുറപ്പ് പദ്ധതി വേതനം ക്രഡിറ്റ് ചെയ്യുന്ന ബാങ്ക് അക്കൌണ്ടിൽ NEFT മുഖേന നിക്ഷേപിക്കുന്നു. കേന്ദ്രസർക്കാർ അവിദഗ്ദ്ധ കായിക തൊഴിലിനുളള വേതനം വിതരണം ചെയ്യുന്നതിന് ഫണ്ട് റിലീസ് ചെയ്യുന്ന ഘട്ടത്തിൽ ബാങ്കുകൾ മുൻകൂറായി നൽകിയ തുക തിരികെ ഈടാക്കി കുടുംബശ്രീ എ.ഡി.എസ്./ഊരുകൂട്ടത്തിന്റെ അക്കൌണ്ടിൽ ക്രഡിറ്റ് ചെയ്യുന്നു.

കയർഭൂവസ്ത്രം

കയർഭൂവസ്ത്രം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ കുളങ്ങളും തോടുകളും അടക്കമുളള ജലസ്രോതസ്സുകൾ സംരക്ഷിക്കുവാനുളള നടപടികൾ ഏറ്റെടുക്കുന്നുണ്ട്. ജലസ്രോതസ്സുകളുടെ സംരക്ഷണത്തിന് ദുർലഭമായ പ്രകൃതിവിഭവങ്ങളായ പാറ, മണൽ, സിമന്റ് എന്നിവ വ്യാപകമായി ഉപയോഗിക്കുന്നത് പരിസ്ഥിതി സൌഹാർദ്ദമല്ലാത്തതിനാൽ അത്തരം സാധന സാമഗ്രികൾക്ക് പകരമായി പ്രകൃതി സൌഹാർദ്ദമായ കയർ ഭൂവസ്ത്രം ഉപയോഗിക്കുന്നു. കുളങ്ങൾ, തോടുകൾ, നീർച്ചാലുകൾ എന്നിവ കയർ ഭൂവസ്ത്രം ഉപയോഗിച്ച് സംരക്ഷിച്ച ശേഷം അതത് പ്രദേശങ്ങൾക്ക് അനുയോജ്യമായ പുല്ല്/സസ്യ ഇനങ്ങൾ ഉപയോഗിച്ച് ജൈവ പ്രബലനം നടത്തുന്നു. ഇപ്രകാരം ജൈവ പ്രബലനം നടത്തിയ സസ്യാവരണത്തിന്റെ അതിജീവനം ഉറപ്പുവരുത്തുന്നു.

ജലസുഭിക്ഷ – കിണർ റീച്ചാർജ്ജിംഗ്

ജലസുഭിക്ഷ – കിണർ റീച്ചാർജ്ജിംഗ്

സംസ്ഥാനത്തെ ജലസ്രോതസ്സുകൾ ജല സമൃദ്ധമാക്കി ജലസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ഏറ്റെടുത്ത ഒരു സമ്പൂർണ്ണ കിണർ റീച്ചാർജ്ജിംഗ് പദ്ധതിയാണിത്. സംസ്ഥാനത്തെ കിണറുകൾ കൂടുതൽ ജലസമ്പന്നമാക്കുക, എല്ലാ കിണറുകളും വിവിധ ഘട്ടങ്ങളിലായി സുസ്ഥിര - ജലസമൃദ്ധ - ജലശുചിത്വ കിണറുകളാക്കി മാറ്റുക, സംസ്ഥാനത്തെ ഭൂജല സമ്പത്ത് വർദ്ധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ. ഗ്രാമ പ്രദേശങ്ങളിലെ തുറന്ന കിണറുകളിൽ വേനൽക്കാലത്ത് ഉണ്ടാകുന്ന ജലക്ഷാമം പരിഹരിക്കുവാനും ഇരുമ്പ്, ഓര്, ഉപ്പുരസം, മറ്റ് രാസ ഭൌതിക ഘടകങ്ങൾ മൂലമുണ്ടാകുന്ന ഗുണനിലവാര തകർച്ച ഒഴിവാക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. ഇതിനായി ഗ്രാമപ്രദേശങ്ങളിലെ കെട്ടിടങ്ങളുടെ മേൽക്കൂരയിലും, പുരപ്പുറങ്ങളിലും വീഴുന്ന മഴവെളളത്തെ ശേഖരിച്ച് ശുചിയാക്കി കിണറുകളിൽ എത്തിക്കുന്നു. ഇതിനായി കിണറിന് സമീപം താത്ക്കാലിക ടാങ്ക്/റീച്ചാർജ്ജ് പിറ്റ് തയ്യാറാക്കി മണൽ, കരി എന്നിവ വിരിച്ച് പൈപ്പുകൾ/പാത്തികൾ മുഖേന മഴവെളളം എത്തിച്ച് ശുചിയാക്കി കിണറുകളിൽ എത്തിക്കുന്നു.

ഒരു കോടി വൃക്ഷത്തൈകൾ

ഒരു കോടി വൃക്ഷത്തൈകൾ

സർക്കാർ ഉടമസ്ഥതയിൽ ഉളള സ്ഥലങ്ങളിലും, കൃഷി വകുപ്പിന് കീഴിലുളള ഫാമുകളിലും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നഴ്സറികൾ സ്ഥാപിക്കുന്നതിനും ഒരു കോടി വൃക്ഷത്തൈകൾ ഉത്പാദിപ്പിച്ച് വൃക്ഷത്തൈ വിതരണം നടത്തി അവ നട്ട് പരിപാലിക്കുന്നതിനും ഉളള പദ്ധതിയാണിത്. ഓരോ ഗ്രാമപഞ്ചായത്തിലും വികേന്ദ്രീകൃതമായി നഴ്സറികൾ സ്ഥാപിച്ച് തൈകൾ ഉത്പാദിപ്പിക്കുന്നു. ഇതിന് വേണ്ട സാങ്കേതിക സഹായം കൃഷി വകുപ്പ് നൽകുന്നു. ഓരോ പ്രദേശത്തും പ്രാദേശികമായി ലഭ്യമാകുന്ന വിത്തിനങ്ങൾ ഏതൊക്കെയാണെന്നും, അവ ശേഖരിക്കുന്ന രീതി സംബന്ധിച്ച ഉപദേശവും കൃഷി വകുപ്പിലെ ഉദ്യോഗസ്ഥർ നൽകുന്നു. ഇത്തരം നഴ്സറികളിൽ മുളപ്പിക്കുന്ന തൈകൾ പൊതുഭൂമികൾ, പാതകൾ, കനാലുകൾ എന്നിവയുടെ വശങ്ങളിലും, ദുർബ്ബല വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളുടെ ഭൂമികളിലും നട്ട് പിടിപ്പിക്കുന്നു. തുടർന്ന് തൈകളുടെ ഇനം അനുസരിച്ച് 3 മുതൽ 5 വർഷക്കാലയളവിലേക്ക് പരിചരണ/പരിപാലന പ്രവർത്തനങ്ങളും ഏറ്റെടുക്കുന്നു.